ലോകം മുഴുവന്‍ ഉറ്റുനോക്കിയ വലിയ ദൈവശാസ്ത്രജ്ഞനും പ്രബോധകനുമായിരുന്നു ബെനഡിക്ട് മാര്‍പാപ്പ: കെസിബിസി

Details

ലോകം മുഴുവന്‍ ഉറ്റുനോക്കിയ വലിയ ദൈവശാസ്ത്രജ്ഞനും പ്രബോധകനുമായിരുന്നു ബെനഡിക്ട് മാര്‍പാപ്പ: കെസിബിസി

ലോകം മുഴുവന്‍ ഉറ്റുനോക്കിയ വലിയ ദൈവശാസ്ത്രജ്ഞനും പ്രബോധകനുമായിരുന്ന കാലം ചെയ്ത ബെനഡിക്ട് മാര്‍പാപ്പ. അദ്ദേഹത്തിന്റെ ദീപ്ത സ്മരണക്കുമുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു എന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ, വൈസ് പ്രസിഡന്റ് ബിഷപ്പ് മാര്‍ പോളി
കണ്ണൂക്കാടന്‍ സെക്രട്ടറി ജനറാള്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ പ്രസ്താവിച്ചു.
വൈദികനായിരിക്കെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രധാന ദൈവശാസ്ത്രജ്ഞന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. എഴത്തിലും വായനയിലും അതീവ താല്പര്യമുണ്ടായിരുന്ന അദ്ദേഹം തന്റെ ജീവിത സായ്ഹ്ന വിശ്രമവേളകളും അതിനായി പ്രയോജനപ്പെടുത്തി. യേശുവുമായി ഹൃദ്യമായ സൗഹൃദം പുലര്‍ത്തുന്നതിന് വിശ്വാസികളെ പ്രചോദിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍. ലൈംഗിക ബാലപീഡനങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കാര്‍ശന നിലപാടുകള്‍ സ്വീകരിച്ച് സഭയുടെ ധാര്‍മ്മിക ജീവിതത്തെ നവീകരിക്കുന്നതില്‍ ബദ്ധശ്രദ്ധനായി. ജനന നിയന്ത്രണത്തെ സംബന്ധിച്ചും സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചും സഭയുടെ പാരമ്പര്യ നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചിരുന്നത.്
ക്രൈസ്തവ ദൈവശാസ്ത്രത്തെയും അതിന്റെ തനിമയെയും ആദരവോടെ സ്‌നേഹിച്ച ബെനഡിക്ട് പാപ്പാ ഇതരമതസ്ഥരോടും സഹോദരക്രൈസ്തവസഭകളോടും തികഞ്ഞ ആദരവും ബഹുമാനവും പുലര്‍ത്തി. പത്രോസിന്റെ  പിന്‍ഗാമിയുടെ നേതൃശുശ്രൂഷയെക്കുറിച്ച് അവഗാഹമായ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം പൗരസ്ത്യസഭകളോട് ഉന്നതമായ ആദരവ് കാണിച്ചു. പൗരസ്ത്യ സഭകളുടെ സ്വാതന്ത്ര്യത്തെയും സ്വയംഭരണ അവകാശത്തെയും അംഗീകരിച്ച് ആദരിക്കുന്നതില്‍ തുറന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്.
78-ാം വയസ്സില്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ക്ലമന്റ് പന്ത്രണ്ടാമന്‍ മാര്‍പാപ്പായ്ക്കുശേഷം ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ പ്രായം ചെന്ന വ്യക്തിയാണ്. ജര്‍മ്മനിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുപ്പതാമത്തെ മാര്‍പാപ്പയാണ് ബനഡിക്ട് പതിനാറാമന്‍. 2005 ഏപ്രില്‍ മാസം ടൈം മാസിക ലോകത്തിലെ  പ്രഗല്‍ഭരായ നൂറുപേരുടെ പട്ടികയില്‍ ബെനഡിക്ട് മാര്‍പാപ്പായെയും ഉള്‍പ്പെടുത്തിയിരുന്നു.
ബെനഡിക്ട് മാര്‍പാപ്പായയോടുള്ള ആദരസൂചകമായി 2023 ജനുവരി 1 മുതല്‍ അദ്ദേഹത്തിന്റെ മൃതസംസ്‌കാര ശുശ്രൂഷ നടത്തപ്പെടുന്ന 5-ാം തീയതി ഉള്‍പ്പടെയുള്ള ദിവസങ്ങള്‍ കേരളകത്തോലിക്കാസഭ ദുഃഖാചാരണം നടത്തുന്നതാണ്. ഈ ദിവസങ്ങളിലെ ആഘോഷ പരിപാടികളില്‍ ഒഴിവാക്കാന്‍ പറ്റുന്നവ ഒഴിവാക്കുന്നതിനും മറ്റുള്ളവ അനാര്‍ഭാടമായി നടത്തുന്നതിനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ആര്‍ഭാടങ്ങള്‍ എല്ലാംതന്നെ ഒഴിവാക്കേണ്ടതാണ്. സൗകര്യപ്രദമായ ഒരു ദിവസം എല്ലാ ദേവാലയങ്ങളിലും ബെനഡിക്ട് മാര്‍പാപ്പയ്ക്ക് വേണ്ടി പ്രത്യേക ബലിയര്‍ണം നടത്തണമെന്നും 5-ാംതീയതി കത്തോലിക്കാ സ്ഥാപനങ്ങളില്‍ അനുസ്മര സമ്മേളനം നടത്തുന്നത് ഉചിതമായിരിക്കുമെന്നും കെസിബിസി ഭാരവാഹികള്‍ ബന്ധപ്പെട്ടവരെ അറിയിച്ചു. കേരളസഭയെ പ്രതിനിധീകരിച്ചു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കതോലിക്ക ബാവയും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവും പരിശുദ്ധ ബെനഡിക്ട് പിതാവിന്റെ  മൃതസംസ്‌കാരശുശ്രൂഷയില്‍ പങ്കെടുക്കുന്നതാണ.്