News & Events

  • Home
  • News & Events
News

സഭാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സഭയുടെ മുഖം പ്രകാശിതമാക്കുന്നതാകണം:  കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി:  സഭയില്‍ എക്കാലത്തും സംവദനത്തിനും ചര്‍ച്ചകള്‍ക്കും സാധ്യതകളും സാഹചര്യങ്ങളും വ്യവസ്ഥാപിത മാര്‍ഗങ്ങളും ഉണ്ടെന്നും സഭാംഗങ്ങളുടെ ഇടപെടലുകളും നിലപാടുകളും സഭയുടെ മുഖം പൊതുസമൂഹത്തില്‍ പ്രകാശിതമാക്കുന്നതാകണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും കേരളാ കാത്തലിക് കൗണ്‍സിലിന്റെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അനുഗ്രഹപ്രഭാഷണം നടത്തി. ഡെപ്യൂട്ടി സെക്രട്ടറി  ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി സ്വാഗതം ആശംസിച്ചു. കെസിസി സെക്രട്ടറി അഡ്വ. ജോജി ചിറയില്‍ പതിനൊന്നാമത് വാര്‍ഷികയോഗത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2023 ഒക്‌ടോബറില്‍ റോമില്‍ നടക്കുന്ന സിസഡിന്റെ മുഖ്യപ്രമേയമായ സഭയിലെ സിനഡാലിറ്റി എന്ന വിഷയം സംബന്ധിച്ച് റവ. ഡോ. ജേക്കബ് പ്രസാദ് ക്ലാസ് നയിച്ചു.

ഉച്ചകഴിഞ്ഞ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെസിസിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി ശ്രീമതി ജെസ്സി ജെയിംസ് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ദിവസങ്ങളില്‍ നടക്കുന്ന കെസിബിസി സമ്മേളനം പരിഗണിക്കേണ്ട സഭാ, സാമുദായിക, സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് പൊതു ചര്‍ച്ചകള്‍ നടന്നു. നിയമപരിഷ്‌കരണകമ്മീഷന്‍  ശുപാര്‍ശചെയ്തിട്ടുള്ള വിവാഹ രജിസ്‌ട്രേഷന്‍ ബില്‍ പിന്‍വലിക്കണമെന്നും റവന്യൂ ഭൂമികളും, ജനവാസകേന്ദ്രങ്ങളും ഒഴിവാക്കി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ഇറക്കണമെന്നും, പ്രമേയങ്ങളിലൂടെ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

വിശ്വഹിന്ദ് പരിഷത്ത്, ബംജരഗ്ദള്‍ പ്രവര്‍ത്തകര്‍ സാഗര്‍ രൂപതയിലെ ഗഞ്ച് ബസോദ എം.എം.ബി. മിഷന്‍ സ്റ്റേഷനിലെ സെന്റ് ജോസഫ് സ്‌കൂളില്‍ അതിക്രമിച്ചുകയറുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതില്‍ കേരള കാത്തലിക് കൗണ്‍സില്‍ അതിയായ ഉത്ക്കണ്ഠയും ഖേദവും രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരേ ഉചിതമായ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.