കൊച്ചി: റോമിലെ റഷ്യന്‍ സ്ഥാനപതി കാര്യാലയത്തിലെത്തി യുക്രെയിനു മേല്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ തനിക്കും ലോകജനതയ്ക്കുമുള്ള ആശങ്ക അറിയിച്ച മാര്‍പാപ്പാ യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നു അഭ്യര്‍ത്ഥിച്ചു. യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന യുക്രെയിന് ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. മാര്‍പാപ്പായുടെ ആഹ്വാനത്തോടു ചേര്‍ന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേരളത്തിലെ ക്രൈസ്തവ സമൂഹത്തോടും സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തു. മാര്‍ച്ച് 2 ന് പ്രാര്‍ത്ഥനാദിനമായി ആചരിക്കാനാണ് മാര്‍പാപ്പാ ആവശ്യപ്പെട്ടിട്ടുള്ളത്. അന്നേദിവസം കേരളസഭയും പ്രാര്‍ത്ഥനയ്ക്കായി പ്രത്യേകം മാറ്റിവയ്ക്കണം. യുദ്ധത്തിന്റെ കെടുതികള്‍ നമ്മുടെ ഭാവനക്കതീതമാണെന്നും നിരാലംബരാക്കപ്പെടുന്ന കുട്ടികളും സ്ത്രീകളും സാധാരണക്കാരും ജീവതകാലം മുഴുവന്‍ ഇതിന്റെ കെടുതികള്‍ അനുഭവിക്കേണ്ടിവരുമെന്നും യുദ്ധം ആരെയും ജേതാക്കളാക്കുന്നില്ല മറിച്ച്, ഇരുകൂട്ടരും പരാജിതരാകുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനും അവിടെ സമാധാനം സംജാതമാക്കപ്പെടുന്നതിനും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഭാരത പൗരന്മാരെ സുരക്ഷിതരായി സ്വഭവനത്തിലേക്ക് തിരികെയെത്തിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ ഇതുവരെയുള്ള കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.