News & Events

  • Home
  • News & Events
News

മഹാകവി പ്രൊഫ. മാത്യു ഉലകംതറയ്ക്ക് കെസിബിസിയുടെ പ്രണാമം:  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: അദ്ധ്യാപകന്‍, സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍ തുടങ്ങി വിവിധ നിലകളില്‍ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രഫ. മാത്യു ഉലകംതറയുടെ വിയോഗം കേരളസമൂഹത്തിനും ക്രൈസ്തവര്‍ക്കും അതീവദുഃഖത്തിന് കാരണമായി. ക്രിസ്തുഗാഥ എന്ന മഹാകാവ്യത്തിലൂടെ ക്രിസ്തുചരിതം മലയാള സാഹിത്യത്തില്‍ തങ്കലിപികള്‍ക്കൊണ്ട് എഴുതിച്ചേര്‍ത്ത ആ സാഹിത്യകാരന്‍ മലയാള ഭാഷാപണ്ഡിതര്‍ക്കിടയിലെ ബഹുമുഖ പ്രതിഭയായിരുന്നു. ഒട്ടേറെ സാഹിത്യ പുരസ്‌കാരങ്ങള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 1993-ല്‍ കെസിബിസി സാഹിത്യഅവാര്‍ഡും 2019-ല്‍ സിറോമലബാര്‍ സഭയുടെ സഭാതാരം അവാര്‍ഡും നല്‍കി കേരളസഭ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കെസിബിസിയുടെ പ്രസിദ്ധീകരണമായ താലന്തിന്റെ സഹപത്രാധിപരും, ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായിരുന്നു. കേരളസാഹിത്യ അക്കാദമി അംഗം, പാഠപുസ്തക സമിതി അംഗം എന്നിങ്ങനെ ഒട്ടേറെ പദവികള്‍ അലങ്കരിച്ചിരുന്ന അദ്ദേഹം അമ്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മലയാള സാഹിത്യ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അദ്ദേഹത്തിന്റെ ജീവിതം എക്കാലവും ഒരു പാഠപുസ്തക മാണെന്നതില്‍ സംശയമില്ല. മഹാകവി പ്രൊഫ. മാത്യു ഉലകംതറയ്ക്ക് കെസിബിസിയുടെ പ്രണാമം അര്‍പ്പിക്കുന്നു. മലയാളസാഹിത്യത്തിലെ പണ്ഡിതപ്രമുഖന്റെ നിര്യാണത്തില്‍ ദുഃഖിക്കുന്ന എല്ലാവരോടും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം അറിയിക്കുന്നു.