News & Events

  • Home
  • News & Events
News

മത്സ്യ തൊഴിലാളികളുടെ മാനുഷികവും ന്യായവുമായ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് അവരുടെ സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനും സമാധാനപരമായ അന്തരീക്ഷം സംജാതമാക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം :

കൊച്ചി: അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനും വേണ്ടി  തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സഹോദരങ്ങളും തീരദേശവാസികളും നടത്തുന്ന  സമരം  അവസാനിപ്പിക്കുന്ന തിനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി  സ്വീകരിക്കണമെന്ന് കേരള കത്തോലിക്കാ സഭയുടെ അജപാലനസമിതിയായ കേരള കാത്തലിക് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.


കേരളത്തെ ഏറെ വിഷമാവസ്ഥയിലാക്കിയ പ്രളയകാലത്ത് സ്വന്തം ജീവനെപ്പോലും തൃണവല്‍ക്കരിച്ച്
ജനങ്ങളുടെ രക്ഷയ്‌ക്കെത്തിയ  മത്സ്യത്തൊഴിലാളികളുടെ ഭൂമിയും ഭവനവും  ജീവനോപാധികളും നഷ്ടമാകുന്ന ദുരന്ത സാഹചര്യങ്ങളെ അടിയന്തരമായി പരിഹരിക്കേണ്ടതാണ്. നാവികത്താവളം, റോക്കറ്റ് വിക്ഷേപണ കേന്ദ്രം, കപ്പല്‍ നിര്‍മ്മാണശാല, വിമാനത്താവളം,  നേവല്‍ അക്കാദമി ഉള്‍പ്പടെയുള്ള വന്‍കിട സംരഭങ്ങള്‍ക്ക് ത്യാഗപൂര്‍വ്വം ദൈവാലയങ്ങളും സിമിത്തേരികളും വൈദിക മന്ദിരങ്ങളും അനേകം കുടുംബങ്ങളുടെ കിടപ്പാടങ്ങളും വിട്ടുകൊടുത്ത ഒരു സമുദായത്തെ  രാജ്യദ്രോഹികള്‍ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.
കടലിന്റെയും കടല്‍ത്തീരത്തിന്റെയും  ഘടനകളെ തകിടം മറിക്കുകയും  കടലിലെ  ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം അതീവ ഗുരുതരമായ പാരിസ്ഥിതിക  പ്രതിസന്ധിയാണ് രൂപപ്പെടുത്തിയിട്ടുള്ളത്.


ഈ തുറമുഖ നിര്‍മ്മാണത്തിന്റെ പ്രത്യാഘാതങ്ങള്‍ ശാസ്ത്രീയമായതും സത്യസന്ധവും സുതാര്യമായ വിധം സമരസമിതി നിര്‍ദ്ദേശിക്കുന്ന വിദഗ്ദരെ കൂടി  ഉള്‍പ്പെടുത്തി പഠനം നടത്തുക,  ഈ പഠനം പൂര്‍ത്തിയാക്കുന്നതുവരെ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുക എന്നത് ഉള്‍പ്പടെ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കഴിഞ്ഞ 136 ലേറെ ദിവസങ്ങളായി സമരം ചെയ്യുന്നത്.


ഇവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോട് ഉത്തരവാദിത്വപ്പെട്ടവര്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാട്  ഖേദകരമാണ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളില്‍ ചര്‍ച്ചകളിലൂടെ സമവായത്തിലെത്താതെ സര്‍ക്കാര്‍ ഏകപക്ഷിയമായി ഉത്തരവുകള്‍ ഇറക്കി, ആവശ്യങ്ങള്‍ പരിഹരിച്ചതായിട്ടാണ്  അവകാശപ്പെടുന്നത്.
സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ രാജ്യദ്രോഹികള്‍ ആണെന്ന അതീവ ഗുരുതരമായ ആരോപണം  ഉന്നയിച്ചുകൊണ്ടും സമരത്തെ പരാജയപ്പെടുത്താന്‍ വിവിധ ഘട്ടങ്ങളില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ നിരന്തരം സത്യ വിരുദ്ധവും വസ്തുതാ വിരുദ്ധവുമായ പ്രചരണങ്ങള്‍ നടത്തുകയാണ്.
തിരുവനന്തപുരം അതിരുപതയുടെ  മെത്രാപ്പോലീത്ത  അഭിവന്ദ്യ തോമസ് ജെ നെറ്റോ  പിതാവിനെയും, സഹായ മെത്രാന്‍ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിനെയും  അനവധി വൈദികരെയും  തീരദേശവാസികളെയും പ്രതികളാക്കി 150 ലേറെ കേസുകളാണ്  രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


തുറമുഖത്തിന്റെ സുരക്ഷാ ചുമതലയുടെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ നീതി സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസേനയെ ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍ കൗണ്‍സില്‍ ആശങ്കരേഖപ്പെടുത്തി മത്സ്യ തൊഴിലാളികളുടെ മാനുഷികവും ന്യായവുമായ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് അവരുടെ സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനും സമാധാനപരമായ അന്തരീക്ഷം സംജാതമാക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും  ഈ സമ്മേളനം  ആവശ്യപ്പെടുന്നു.
കേരള കത്തോലിക്കാസഭയുടെ അജപാലന സമിതിയുടെ  യോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

കെസിബിസി സെക്രട്ടറി ജനറാള്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് അധ്യക്ഷനായിരുന്നു. കെസിസി സെക്രട്ടറി ജനറാള്‍ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, 

ഡോ. സിറ്റി മാത്യു, ശ്രീമതി ജെസ്സി ജെയിംസ്, ശ്രീ ജോസഫ് ജൂഡ്  എന്നിവര്‍ പ്രസംഗിച്ചു.